23/07/2026
ജോലിസ്ഥലത്തായാലും ബിസിനസ്സിലായാലും നമ്മൾ സാധാരണയായി കാണുന്ന ഒരു പ്രവണതയുണ്ട്. "എനിക്ക് കിട്ടുന്ന ശമ്പളത്തിനുള്ള അല്ലെങ്കിൽ കാശിനുള്ള ജോലി മാത്രമേ ഞാൻ ചെയ്യുകയുള്ളൂ" എന്ന ചിന്താഗതി. കിട്ടുന്ന പ്രതിഫലത്തിന് കൃത്യമായി കണക്കുപറഞ്ഞ് മാത്രം കാര്യങ്ങൾ ചെയ്യുന്നവരാണ് പലരും. ഒറ്റനോട്ടത്തിൽ ഇത് ന്യായമാണെന്ന് തോന്നാമെങ്കിലും, ജീവിതത്തിൽ വലിയ വിജയങ്ങൾ നേടുന്നതിൽ നിന്നും നമ്മളെ തടഞ്ഞു നിർത്തുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണിത്.
ഇവിടെയാണ് പ്രശസ്ത ചിന്തകനായ നെപ്പോളിയൻ ഹില്ലിന്റെ ഈ വാക്കുകൾ നമ്മൾ മനസ്സിലാക്കേണ്ടത്:
"പ്രതിഫലത്തേക്കാൾ കൂടുതൽ ചെയ്യുന്ന മനുഷ്യന് അവൻ ചെയ്യുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കും..."
നമ്മൾ ചെയ്യുന്ന ജോലിയിൽ, നമുക്ക് പ്രതിഫലമായി കിട്ടുന്നതിനേക്കാൾ കിട്ടുന്നതിനേക്കാൾ കൂടുതൽ മൂല്യം മറ്റുള്ളവർക്ക് നൽകുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്? അവിടെ നമ്മളിൽ വർദ്ധിക്കുന്നത് 'സമൃദ്ധിയുടെ' ഊർജ്ജമാണ്. "എന്റെയടുത്ത് മറ്റുള്ളവർക്ക് നൽകാൻ തക്കവണ്ണം കഴിവുകളും ഊർജ്ജവും ധാരാളമുണ്ട്" എന്ന വലിയൊരു സന്ദേശമാണ് ആ നിമിഷം ഉപബോധമനസ്സിലേക്ക് പോകുന്നത്.
മറിച്ച്, എപ്പോഴും കണക്കുപറഞ്ഞ്, അർഹിക്കുന്നതിലും കുറച്ചുമാത്രം ചെയ്യുമ്പോൾ ഉള്ളിൽ ഒരുതരം 'ഇല്ലായ്മയുടെ' ഫീലിംഗ് ആണ് ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ നമ്മൾ എന്ത് ഊർജ്ജമാണോ നമ്മുടെ ജീവിതത്തിന് നൽകുന്നത് , അതിന് സമാനമായ സാഹചര്യങ്ങളെയാണ് നമ്മുടെ ജീവിതം കൂടുതലായി നമുക്ക് തിരികെ തരുന്നത്.
അതുകൊണ്ട്, ചെയ്യുന്ന ജോലി ഏതുമാകട്ടെ, അതിൽ കുറച്ചുകൂടി ആത്മാർത്ഥത കാണിക്കാൻ, കുറച്ചുകൂടി മികച്ച രീതിയിൽ അത് ചെയ്തുകൊടുക്കാൻ ഇനി മുതൽ ശ്രദ്ധിക്കുക. ആളുകൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ സേവനം നൽകുക. തുടക്കത്തിൽ ഇതിന് പ്രത്യേക പ്രതിഫലമൊന്നും കിട്ടിയില്ല എന്ന് വരാം. എന്നാൽ ഈയൊരു ശീലം നിങ്ങളുടെ സ്വത്വത്തെ (Identity) തന്നെ മെച്ചപ്പെടുത്തും. ആ ഉയർന്ന വൈബ്രേഷനിലേക്ക് പുതിയ അവസരങ്ങളും, മികച്ച സാമ്പത്തിക നേട്ടങ്ങളും വളരെ വേഗം ഒരു കാന്തം പോലെ ആകർഷിക്കപ്പെടുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. പ്രതിഫലം നോക്കാതെ മൂല്യം നൽകാൻ തയ്യാറാകുമ്പോൾ, പ്രപഞ്ചം നിങ്ങൾക്ക് കൊടുത്തതിനേക്കാൾ കൂടുതൽ തിരികെ നൽകും എന്നത് തീർച്ചയാണ്!